Graphic Designing Basic - Part 2 Malayalam
- 1:19:00 am
- by
- Aliazar
ഡി.ടി.പി, ഗ്രാഫിക് ഡിസൈനിംഗ് കൂടുതല്‍ വസ്തുതകള്‍
ഡെസ്ക് ടോപ് പബ്ലിഷിംഗിനു ഇക്കാലത്തുള്ള പ്രാധാന്യത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതിവേഗതയില്‍ കൂടുതല്‍ ഫലപ്രദമായി അച്ചടി, ഇലക്ട്രോണിക് ഡോകുമെന്റുകള്‍ നിര്‍മ്മിക്കാന്‍ ഡി.റ്റി.പി നമ്മെ സഹായിക്കുന്നു.സാധാരണഗതിയില്‍ മണിക്കൂറുകള്‍ വേണ്ടിവരുന്ന ലിപിവിന്യാസം, രൂപകല്പന തുടങ്ങി മുന്‍കാലങ്ങളില്‍ ഏറെ പ്രയാസകരമായിരുന്ന പല പ്രവൃത്തികളും ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയറിന്റെ സഹായത്താല്‍ ഒരു കമ്പ്യൂട്ടര്‍ സ്ക്രീനില്‍ അതിവേഗം നമുക്കു ചെയ്യാം. എന്നിരുന്നാലും വളരെ നിലവാരം കുറഞ്ഞ ഡിസൈനുകള്‍ വലിയ ചെലവൊന്നുമില്ലതെ നിര്‍മ്മിക്കപ്പെടാനും ഡി.റ്റി.പി കാരണമായിട്ടുണ്ട്. അതുകൊണ്ട് ഡെസ്ക് ടോപ് പബ്ലിഷിംഗും ഗ്രാഫിക് ഡിസൈനിംഗും പഠിക്കാനാഗ്രഹിക്കുന്ന ഏതൊരാളും രണ്ടിന്റെയും അടിസ്ഥാനപ്രമാണങ്ങളും നിയമങ്ങളും തന്ത്രങ്ങളും അറിഞ്ഞിരിക്കല്‍ തീര്‍ച്ചയായും അത്യാവശ്യവും പ്രാധാന്യമേറിയതുമാണ്.
ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസങ്ങള്‍:
കഴിഞ്ഞ അധ്യായത്തില്‍ രണ്ടിന്റെയും നിര്‍വചനം നമ്മള്‍ കണ്ടു. ഗ്രാഫിക് ഡിസൈനിംഗും ഡെസ്ക് ടോപ് പബ്ലിഷിംഗും തമ്മിലുള്ള വ്യത്യാസവും സാമ്യവും ആ നിര്‍വ്വചനങ്ങള്‍ തന്നെയാണ്. മനസ്സിലായില്ലേ?
ചുരുക്കിപ്പറയാം. ഗ്രാഫിക് ഡിസൈനിംഗ് ഒരു സര്‍ഗ്ഗാത്മക പ്രവൃത്തിയാണ്.(Creative Process). ഒരു പ്രത്യേക സന്ദേശം ഫലപ്രദമായി കൈമാറാന്‍ ആശയങ്ങള്‍ മെനെഞ്ഞെടുത്ത് അവയെ ദൃശ്യഭാഷയിലേക്ക് പരിവര്‍ത്തനം ചെയ്ത് രൂപകല്‍പ്പന നടത്തുന്ന കല തന്നെയാണ് ഗ്രാഫിക് ഡിസൈനിംഗ്. കലാബോധം അത്യാവശ്യവുമാണ്. കമ്പ്യൂട്ടറും ഡി.റ്റി.പി യുമൊക്കെ വരുന്നതിനു മുമ്പേ ഗ്രാഫിക് ഡിസൈനിംഗ് നിലവിലുണ്ടായിരുന്നല്ലോ. ഇന്നു ഗ്രാഫിക് ഡിസൈനേഴ്സ് ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ ധാരാളമായി ഉപയോഗിക്കുന്നു. കാരണം വ്യക്തമാണല്ലോ, ആദ്യഖണ്ഡികയില്‍പ്പറഞ്ഞതു പോലെ ഡെസ്ക് ടോപ് പബ്ലിഷിംഗ് സോഫ്റ്റ്വെയര്‍ പണി എളുപ്പത്തിലാക്കുന്നു എന്നതു തന്നെ.
ഡെസ്ക് ടോപ് പബ്ലിഷിംഗ് കലാത്മകം എന്നതിലുപരി ഒരു യാന്ത്രിക പ്രവൃത്തി (Mechanical Process) ആണ്. ഡിസൈനര്‍മാരും ഡിസൈനര്‍മാര്‍ അല്ലാത്തവരും പരസ്യങ്ങള്‍, ഗ്രീറ്റിംഗ് കാര്‍ഡ്, ബ്രോഷര്‍, പോസ്റ്റര്‍, പുസ്തകങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍, അവരുടെ ആശയങ്ങള്‍ ഇവയിലൂടെ പ്രകാശിപ്പിക്കാന്‍ ഡെസ്ക് ടോപ് പബ്ലിഷിംഗ് ഉപയോഗിക്കുന്നു. കൊമേഴ്സ്യല്‍ പ്രിന്റിംഗിനു വേണ്ട രേഖകള്‍, ഡിജിറ്റല്‍ ഫയലുകള്‍ ഇവയൊക്കെ ഡി.റ്റി.പി യിലൂടെ അനായാസം നിര്‍മ്മിക്കാം. ഗ്രാഫിക് ഡിസൈനിംഗ് കലയില്‍ കൂടുതല്‍ ശ്രദ്ധിക്കുമ്പോള്‍ ഡി.റ്റി.പി ഉത്പാദന കേന്ദ്രീകൃതമാണ്. ഡെസ്ക്ടോപ് പബ്ലിഷേഴ്സ് എല്ലാം ഗ്രാഫിക് ഡിസൈനര്‍മാര്‍ അല്ല, എന്നാല്‍ മിക്ക ഗ്രാഫിക് ഡിസൈനര്‍മാര്‍മാരും അവരുടെ ജോലിക്കായി ഡി.റ്റി.പി സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നുണ്ട്. ഗ്രാഫിക് ഡിസൈനിംഗ് ഡെസ്ക് ടോപ് പബ്ലിഷിംഗിനേക്കാള്‍ കേമമാണെന്ന് ഒരഭിപ്രായമുണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ രണ്ടും രണ്ടു സംഗതികളാണ്.
0 comments:
Post a Comment